കോഴിക്കോട്: മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ കോഴിക്കോട് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുവതിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.ഇന്നലെ രാവിലെയാണ് ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്‌ജിൽ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട് ചക്കന്തറയിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. മുറിയിൽ ബലപ്രയോ​ഗത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചന വന്നതോടെയാണ് അബ്ദുൾ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കൾ എത്തിയ ശേഷമാണ് നടപടികൾ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോർച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഫസീലയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!