പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്ത് എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു. സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!