പത്തനംതിട്ട: പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കുരമ്പാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടു പേരുമാണ് പിടിയിലായത്. അർദ്ധരാത്രി ബ്ലാക്ക് മാൻ രൂപത്തിൽ ബൈക്കിൽ കറങ്ങി നടന്ന് മോഷണവും വീടുകൾക്ക് നേരെ കല്ലേറും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തുക എന്നത് സംഘത്തിന്റെ പതിവായിരുന്നു.സംഘത്തെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കുരമ്പാല സ്വദേശി അഭിജിത്ത് നിരവധി മോഷണകേസുകളിൽ പ്രതിയാണ്. അടുത്തിടെയാണ് ജയിൽ മോചിതനായത്. ഇയാൾക്കൊപ്പം പിടിയിലായ മറ്റ് രണ്ട് പേർക്ക് 16 വയസ്സ് മാത്രമാണ് പ്രായം. എറണാകുളത്തെ കടകളിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്.