കോഴിക്കോട്∙ ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിലാണ് അഗ്നിബാധയുണ്ടായത്.രണ്ടുദിവസം മുൻപാണ് ബോട്ട് ബേപ്പൂരിലെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടം. ഇന്ധനം നിറച്ച ബോട്ടായതിനാൽ വളരെ വേഗം തീപടർന്നു. മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. ബോട്ട് പൂർണമായും കത്തിനശിച്ചു. തീപിടിത്തം ഉണ്ടായതിനു പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകൾ മാറ്റിയത് വലിയ അപകടം ഒഴിവാക്കി.