അപ്രതീക്ഷിതവും ആഗ്രഹിക്കാത്തതുമായ ഗർഭധാരണ നിരക്ക് കൂടുന്നു; പട്ടികയിൽ കോട്ടയം ഉൾപ്പെടെ ജില്ലകൾ, കാരണം ഇതാണ്..അപ്രതീക്ഷിതവും ആഗ്രഹിക്കാത്തതുമായ ഗർഭധാരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ കേരളത്തിലെ ജില്ലകളും. നിരക്ക് ഏറ്റവും കൂടുതലുള്ള 82 ഇന്ത്യൻ ജില്ലകളുടെ പട്ടികയിൽ ആണ് കേരളത്തിലെ നാല് ജില്ലകളും ഉൾപ്പെടുന്നത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിൽ ദേശീയ ശരാശരിയേക്കാളും കൂടുതലാണ് എന്നാണ് കണക്കുകൾ. ബിഎംസി പ്രെഗ്നൻസി ആൻഡ് ചൈൽഡ് ബർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ഡൽഹിയിലെ ആറും ബംഗാളിലെ മൂന്നും ജില്ലകൾ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദേശീയ ശരാശരിയനുസരിച്ച് 1,000 ഗർഭധാരണങ്ങളിൽ 91 എണ്ണം ഇത്തരം ഗർഭധാരണങ്ങളാണ്. അതായത് 9.1 ശതമാനം. ഇത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ 1,000ൽ 34 എന്ന ശരാശരിയുടെ മൂന്നിരട്ടിയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ആഗ്രഹിക്കാത്ത ഗർഭധാരണ നിരക്ക് 18.6 ശതമാനമാണ്. അഥവാ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. ബംഗാളിലെ ബിർഭം, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവയും കേരളത്തിലെ കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ഉൾപ്പെടുന്ന 82 ജില്ലകളിൽ അപ്രതീക്ഷിത ഗർഭധാരണ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്തെ 137 ജില്ലകളിൽ ഇത് 10 മുതൽ 15 ശതമാനം വരെയാണ് എന്നാണ് റിപ്പോർട്ടുകൾ.ബീഹാറിൽ 30, ഉത്തർപ്രദേശിൽ 14, മധ്യപ്രദേശിൽ 8, ഡൽഹിയിൽ 6, ഹരിയാനയിൽ 4, ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 3 വീതം ജില്ലകളിൽ 15 ശതമാനത്തിലധികം ഗർഭധാരണം നടക്കുന്നതായിട്ടാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കുടുംബാസൂത്രണ സേവനങ്ങളിലെ അഭാവം, ആൺകുഞ്ഞിനായുള്ള മുൻഗണനകൾ, ചെറിയ കുടുംബത്തിനായുള്ള ആഗ്രഹം എന്നിവയാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.