തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചത് റംസാൻ വ്രതം പരി​ഗണിക്കാതെയെന്ന വിമർശനം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധത്തിനൊരുങ്ങുകയാണ് അധ്യാപക സംഘടനകൾ. ഈ വർഷം മാർച്ച് മാസത്തിൽ ഉച്ചയ്ക്കുശേഷമാണ് ഹയർസെക്കണ്ടറി പരീക്ഷ നടത്തുന്നത്. റംസാൻ വ്രതം മാർച്ച് ആദ്യവാരം ആരംഭിക്കും. ഹയർസെക്കൻഡറി പരീക്ഷ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂർ നടത്തുന്നതിലൂടെ നോമ്പ് ആചരിക്കുന്ന വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുമെന്നാണ് അധ്യപക സംഘടനകളുടെ ആരോപണം.ദേശീയ മത്സര പരീക്ഷകളുടെ റാങ്കിങ്ങിന് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ചരീതിയിൽ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായി എച്ച്.എസ്.എസ്.ടി.എ രം​ഗത്തെത്തി. ടൈംടേബിൾ പുനഃക്രമീകരി ക്കണമെന്നും പ്രസിഡൻ്റ് കെ. വെങ്കിടമൂർത്തി ആവശ്യപ്പെട്ടു. ഒരേദിവസം ഒട്ടേറെ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി ടൈംടേബിൾ അശാസ്ത്രീയമാണെന്ന് എ.എച്ച്.എസ്‌.ടി.എ. പ്രസിഡന്റ് ആർ. അരുൺകുമാർ പറഞ്ഞു.മുൻവർഷങ്ങളിൽ പത്തുദിവസമായിരുന്നെങ്കിൽ ഇത്തവണ 17 ദിവസമാണ് ഹയർസെക്കൻഡറി പരീക്ഷ. മൂന്നു ശനിയാഴ്ചകളും പരീക്ഷയുണ്ട്. ഇതിനുപുറമേ, തിങ്കൾമുതൽ ശനിവരെ ആറുദിവസം തുടർച്ചയായി പരീക്ഷ നടത്തുന്നതും അധ്യാപകർ ചൂണ്ടിക്കാട്ടി. എന്നാൽ, വാർഷിക പരീക്ഷയൊപ്പം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഹയർസെക്കൻഡറിക്ക് മതിയായ ക്ലാസ്മുറികളും ഇൻവിജിലേറ്റർമാരുടെ സേവനവും ഉറപ്പാക്കാനാണ് ഇപ്പോഴത്തെ ടൈംടേബിളെന്നാണ് ഔദ്യോഗിക വിശദീകരണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!