തൃശൂർ: പുതുക്കാട് തലോരിൽ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടിൽ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ വീടിന്റെ ടെറസിന് മുകളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.ബ്യൂട്ടീഷ്യനാണ് ഇടുക്കി സ്വദേശിനിയായ ലിൻജു. യുവതിയടെ മൂന്നാം വിവാഹമായിരുന്നു ജോജുവുമായി. തലോരിൽ വർക്ക്‌ഷോപ്പ് നടത്തുന്ന ജോജുവിന്റെ രണ്ടാം വിവാഹവും. ഇരുവർക്കും മുൻ വിവാഹ ബന്ധങ്ങളിൽ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ലിൻജുവിന്റെ രണ്ട് മക്കളാണ് ഇവർക്കൊപ്പം കഴിയുന്നത്. കുട്ടികൾ സ്കൂളിൽ പോയ സമയത്തായിരുന്നു ജോജു ക്രൂരകൃത്യം ചെയ്തത്.ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വെട്ടേറ്റ ലിൻജുവിന്റെ അലർച്ച കേട്ട അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ യുവതിയുടെ ചെവി വേർപ്പെട്ട നിലയിലായിരുന്നു.ഇരുവരും തമ്മിൽ വഴക്കും പൊലീസിൽ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗൺസലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.