കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പോലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തി കീഴടങ്ങുകയായിരുന്നു. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പോലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്.പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പോലീസ് മേധാവി എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രൊസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. ദിവ്യയെ കമ്മീഷണർ ഓഫീസിലേക്ക് ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു