പാറശാല (തിരുവനന്തപുരം): കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്.പ്രിയയെ കഴുത്തുഞെരിക്കാൻ സെൽവരാജ് ഉപയോഗിച്ച കയർ വീട്ടിൽനിന്നു കണ്ടെത്തി. ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു. 2 ദിവസം മുൻപ് ഇവർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി അപ്‌ലോഡ് ചെയ്തിരുന്നത്. അവസാന വിഡിയോ അപ്‌ലോഡ് ചെയ്തത് 25നാണ്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാർ പറഞ്ഞു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.