കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ പി ഗോപാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി പറഞ്ഞു. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്ന് പോലീസ് വാദവും കോടതി തള്ളിയിട്ടുണ്ട്. നേരത്തെ ഇരുവർക്കും കൗൺസിലിംഗ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു ഈ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സമർപ്പിച്ചിരുന്നത്. ഇതുകൂടി പരിശോധിച്ച ശേഷം ആണ് ഇപ്പോൾ കേസ് റദ്ദാക്കാൻ ജസ്റ്റിസ് എ ബദറുദീൻ ഉത്തരവിട്ടത്. ചില തെറ്റിദ്ധാരണകൾ ഉണ്ടായി എന്നും ഒത്തുതീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം എന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. പരാതിയില്ലെന്നും രാഹുൽ മർദ്ദിച്ചിട്ടില്ലെന്നും യുവതിയും പറയുന്നു.കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയെ ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈകാതെ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. എന്നാൽ വിഷയം വിവാദമായതോടെ വധശ്രമക്കേസും ഉൾപ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. ഇതിനിടെയാണ്, തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.താന്‍ ഭാര്യയെ മർദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ചു തീർത്തു എന്നുമാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രാഹുൽ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ട് ഭാര്യയും സത്യവാങ്മൂലം നൽകിയിരുന്നു. രാഹുൽ തന്നെ മർദിച്ചിട്ടില്ലെന്നും കുളിമുറിയിൽ വീണതുമൂലമുണ്ടായ പരുക്കാണ് തനിക്കേറ്റതെന്നുമായിരുന്നു ഇവരുടെ വാദം. വീട്ടുകാരാണ് ഭർത്താവിനെതിരെ കേസ് നൽകാൻ തന്നെ നിർബന്ധിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് വീടു വിട്ടിറങ്ങിയ യുവതി വീട്ടുകാർക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കിയിരുന്നു.ജർമനിയിലായിരിക്കുമ്പോഴാണ് തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുകയായിരുന്നു.