കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോൾ മൃതദേഹം എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയും. എം എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് ആണ് മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഇന്ന് വിധി പറയുക.മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കിയില്ലെങ്കില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. ആശ ലോറന്‍സിനെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്.ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ എം എം ലോറന്‍സിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എം എം ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉള്‍പ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.ഇക്കഴിഞ്ഞ സെപ്തംബർ 21 നാണ് എം.എം.ലോറൻസ് ഓർമയാകുന്നത്. തൊട്ടുപിന്നാലെ, മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുമെന്ന പ്രഖ്യാപനവും എത്തി. ഇതിനെതിരെ മകൾ ആശ ലോറൻസ് നിയമപോരാട്ടത്തിന് ഇറങ്ങിയത്തോടെയാണ് കാര്യങ്ങൾ വഷളായത്.മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും, വൈദ്യപഠനത്തിന് സ്വീകരിക്കുന്നതിൽ ആശ അടക്കമുള്ളവരെ കേട്ട് തീരുമാനമെടുക്കണം എന്നും ഹൈക്കോടതി കളമശേരി മെഡിക്കൽ കോളജിന് ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് മൂന്ന് മക്കളുടെയും നിലപാടറിഞ്ഞ മെഡിക്കൽ കോളജ് അധികൃതർ മൃതദേഹം വൈദ്യപഠനത്തിന് സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ തീരുമാനത്തിനെതിരെ ആശ വീണ്ടും ഹൈക്കോടതിയിലെത്തി.മെഡിക്കൽ കോളജ് നടത്തിയ ഹിയറിങ് ഏകപക്ഷീയമായിരുന്നുവെന്നും, മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്നും ആശ ആവശ്യപ്പെട്ടു. ഇതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.വാദത്തിനിടെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ തയ്യാറാണെന്ന് രേഖാമൂലം സമ്മതം അറിയിച്ച മറ്റൊരു മകൾ സുജാത നിലപാട് മാറ്റി. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയത് എന്നായിരുന്നു സുജാത കോടതിയെ അറിയിച്ചത്. കോടതി വിധി തിരിച്ചടിയാകുന്നവർ അപ്പീൽ നൽകാൻ തീരുമാനിച്ചാൽ മൃതദേഹം വീണ്ടും മോർച്ചറിയിൽ തന്നെ തുടരും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!