തിരുവനന്തപുരം: പോത്തൻകോട് വാവറയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആചാരപ്രകാരമാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. നേപ്പാൾ സ്വദേശി അമൃത എന്ന യുവതിയാണ് പൂർണവളർച്ച എത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടത്.കഴിഞ്ഞ ദിവസമാണ് അമൃതയും ഭർത്താവ് ഗണേഷും ബന്ധു നരേന്ദ്രൻ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്. പിന്നീട് കുട്ടിയെ കുഴിച്ചിട്ടു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൂർണവളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നാണ് അമൃത പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.