ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോൾ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. മുൻ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ ഇ എസ് ബിജിമോൾ അംഗമായിരുന്നു.നേരത്തെ ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോൾ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേ സമയം സിപിഐ ജില്ലാ കമ്മറ്റി അംഗമായി ബിജിമോൾ തുടരും .ശാന്തൻപാറയിൽ നിന്നുള്ള പ്രിൻസ് മാത്യു, പി പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ.സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ നേരത്തെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമർശനം.നേരത്തെ സിപിഐ യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളിലെ മണ്ഡലം സമ്മേളനം മുതൽ ഇടുക്കി ജില്ലാ കമ്മിറ്റിക്ക് കീഴിൽ നിലനിന്നിരുന്ന പടലപ്പിണക്കം മറനീക്കി പുറത്തു വന്നിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു വനിതയെ ജില്ലാസെക്രട്ടറി ആക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന നേതൃത്വം ഇടുക്കിയിൽ ഇ എസ് ബിജിമോളുടെ പേര് മുന്നോട്ടു വെച്ചെങ്കിലും ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ശിവരാമൻ ഉൾപ്പെടെയുള്ളവരുടെ അനുകൂലികൾ അതിനെ എതിർത്തു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിലെ തീരുമാനത്തെ ജില്ലാഘടകം വെട്ടി. ഇതുസംബന്ധിച്ച് ഇ എസ് ബിജിമോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.പാർട്ടിയിൽ പുരുഷമേധാവിത്വം ആണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതും പാർട്ടി ജില്ലാ നേതൃത്വം ചൊടിപ്പിച്ചിരുന്നു. ഒക്ടോബർ മൂന്നിന് അവസാനിച്ച സംസ്ഥാന സമ്മേളനത്തിൽ ബിജിമോളെ സംസ്ഥാന കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്താതിരിക്കാൻ ഉള്ള കരുനീക്കങ്ങൾ ശിവരാമനും സംഘവും നടപ്പിലാക്കുകയും ചെയ്തു. ഇ എസ് ബിജിമോളുടെ സംസ്ഥാന കമ്മിറ്റി പ്രവേശനത്തെ വോട്ടിനിട്ടു വെട്ടിയ ജില്ലാ നേതൃത്വം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധി ആക്കുന്നതിനെതിരെ പോലും ശബ്ദമുയർത്തി.ബിജിമോൾ പാർട്ടി കോൺഗ്രസ് പ്രതിനിധി ആവട്ടെ എന്ന് ജില്ലയിൽ നിന്നുള്ള പ്രതിനിധി വാദിച്ചു നോക്കിയെങ്കിലും സഖാവിന് ആവില്ലെങ്കിൽ മറ്റാരെങ്കിലും പ്രതിനിധി ആക്കാം എന്നായിരുന്നു കെ കെ ശിവരാമൻ നൽകിയ മറുപടി. ഒടുവിൽ പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിൽനിന്ന് പോലും ബിജിമോൾ ഒഴിവാക്കപ്പെട്ടു. എറണാകുളം ജില്ലയിൽ നിന്നുള്ള കാനം വിരുദ്ധ പക്ഷം ആകെ വെട്ടിമാറ്റപ്പെട്ടതിനു പകരമായാണ് ഇടുക്കിയിൽ ബിജിമോൾക്കെതിരെ ഇത്തരത്തിലൊരു നിലപാട് ഉണ്ടായതെന്നാണ് വിലയിരുത്തൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!