തിരുവനന്തപുരം: നാവായികുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർക്കാണ് ഈ രോഗം വരുന്നത്. കഴിഞ്ഞ ഉത്രാടദിനത്തിൽ ഈ പ്ലസ് ടു വിദ്യാർത്ഥി കുളത്തിൽ കുളിച്ചിരുന്നു. ഇതെതുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിക്കൊപ്പം മറ്റു രണ്ടു കുട്ടികൾ കൂടി കുളത്തിൽ കുളിച്ചിരുന്നു. ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.അമീബിക് മസ്തിഷ്ക ജ്വരം ആശങ്കയായി പടരുമ്പോൾ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്.രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.