കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.മലയാള സിനിമയുടെ അമ്മ എന്ന ലേബലിന് അവകാശി കവിയൂർ പൊന്നമ്മ തന്നെയാണ്. ചുവന്ന വലിയ പൊട്ടും നെറ്റിയിൽ ചന്ദനക്കുറിയും നിറഞ്ഞ ചിരിയുമായി എപ്പോഴും കാണാറുള്ള കവിയൂർ പൊന്നമ്മയെ മലയാളികളും ”അമ്മ’ എന്ന് തന്നെ ആണ് വിളിച്ചിരുന്നത്. പഴയതലമുറയിലെ സത്യനും പ്രേംനസ്സീറും മധുവും പുതിയ തലമുറയിലെ ദിലീപും പൃഥ്വിരാജുമുൾപ്പെടെ മലയാള സിനിമാരംഗത്തെ മിക്ക നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. എന്നാലും മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്.വളരെ ചെറുപ്രായത്തിൽ തന്നെ അമ്മയായി അഭിനയിച്ചു. 19 വയസ്സുള്ളപ്പോഴാണ് കുടുംബിനി എന്ന ചിത്രത്തിൽ നസീറിന്റെയും മധുവിന്റെയും അമ്മയായി ആദ്യം അഭിനയിക്കുന്നത്. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂർപൊന്നമ്മ അഭിനയിച്ച അമ്മവേഷങ്ങളിൽ ഭൂരിപക്ഷവും. മലയാളിയുടെ അമ്മയുടെ മുഖം തന്നെയായി മാറി കവിയൂർ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിൽ 1945 സെപ്റ്റംബർ 10 ന് ജനിച്ചു. അച്ഛൻ ടി പി ദാമോദരൻ അമ്മ ഗൗരി. എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. ലേലം എന്ന ചിത്രത്തിൽ എം.ജി സോമൻ്റെ ഭാര്യയായി അഭിനയിച്ച അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. വന്നു. അത്രമാത്രമായിരുന്നു ആ അഭിനയം.തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയുംപാദസരം എന്ന സിനിമയിൽ ടി ജി രവിയുടെയും ഉൾപ്പെടെ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ…’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ 4 തവണ (1971, 72, 73, 94 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തീർഥയാത്രയിലെ അഭിനയത്തിന് ലഭിക്കുമ്പോൾ തന്നെ അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തിൽ പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം അനുഭവേദ്യമാകുന്നു.പൂക്കാരാ പൂതരുമോ…., വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ… എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചിട്ടുണ്ട്. ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.