കോഴിക്കോട്: ഓണാഘാഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന് മുകളിൽ ഇരുന്നും, വാതിലിൽ ഇരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ അഭ്യാസപ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ഫറൂഖ് കോളജിലെ വിദ്യാർഥികളാണ് ആഡംബര കാറുകളിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആയിരുന്നു കേസ്. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. പതിനഞ്ചോളം വാഹനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.ഓണാഘോഷങ്ങൾക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളും പതിവാണ്. അതിരുവിട്ട ആഘോഷപ്രകടനങ്ങൾ അരുതെന്ന് ഹൈക്കോടതി നൽകിയ നിർദേശം തള്ളിയാണ് ഇത്. ഇന്നലെയായിരുന്നു ഫറൂഖ് കോളേജിലെ ഓണാഘോഷം. ചില വിദ്യാർത്ഥികൾ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരികയും കോളേജിന് മുൻപിൽ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് കോളേജിന് മുന്നിൽ ഗതാഗതക്കുരുക്കും സൃഷ്ടിച്ചിരുന്നു.