കോട്ടയം: കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ പുതിയ എസി ബസ് വാങ്ങിയെങ്കിലും എംവിഡി നൂലാമാലകൾ കാരണം പെർമിറ്റ് ലഭിച്ചത് 70 ദിവസങ്ങൾക്കു ശേഷം. പ്രശ്നം ഇവിടെയും തീരുന്നില്ല, സർവീസ് ആരംഭിച്ചെങ്കിലും കെഎസ്ആർടിസി അടക്കം ബുക്കിങ് എടുത്തുകഴിഞ്ഞതിനാൽ യാത്രക്കാരെ ലഭിക്കുന്നില്ലെന്നാണ് റോബിൻ ബസ് ഉടമ ഗിരീഷ് പറയുന്നത്. യാത്രക്കാരെ കിട്ടാൻ ഇനി വലിയ ബുദ്ധിമുട്ടാണെന്നും എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് ഇതെല്ലാ സംഭവിച്ചതെന്നും ഗിരീഷ് പറ‍ഞ്ഞു.‘‘ഇന്നാണ് സർവീസ് ആരംഭിച്ചത്. ഇതുവരെ എംവിഡി ഉദ്യോഗസ്ഥരുടെ ശല്യമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ 70 ദിവസം കഴിഞ്ഞ് മാത്രമാണ് ബസ് സർവീസിനിറക്കാൻ സാധിച്ചത്. അനാവശ്യ നൂലാമാലകൾ കാരണം പെർമിറ്റ് ലഭിക്കാൻ വൈകി. ഇതുമൂലമാണ് സർവീസ് ആരംഭിക്കൽ ഇത്രയും നീണ്ടുപോയത്. ഇല്ലെങ്കിൽ 20 ദിവസം മുൻപെങ്കിലും സർവീസ് ആരംഭിക്കാമായിരുന്നു. അതിസുരക്ഷാ നമ്പർ പ്ലേറ്റിന്റെ പേരിലാണ് അവസാനം എംവിഡി പെർമിറ്റ് നൽകാൻ വിസമ്മതിച്ചത്. മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റ് മാത്രമേ കമ്പനി നൽകുകയുള്ളൂ. എന്നാൽ വശങ്ങളിൽ കൂടി അതിസുരക്ഷാ നമ്പർ പ്ലേറ്റ് വയ്ക്കാനായിരുന്നു എംവിഡി നിർദേശം. കമ്പനിയെ സമീപിച്ചപ്പോൾ ഒരു വാഹനത്തിന് രണ്ടിൽ കൂടുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നൽകാനാവില്ല എന്നാണ് അവർ പറഞ്ഞത്.’’ – ഗിരീഷ് പറഞ്ഞു.‘‘അത് പരിഹരിച്ചപ്പോൾ ബസിനകത്ത് മൈക്ക് അനൗൺസ്മെന്റ് സംവിധാനമില്ലെന്നായി പിന്നത്തെ കണ്ടുപിടിത്തം. അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ. യാത്രക്കാർ വളരെ കുറവാണ്. ഇനി ബുക്കിങ് കിട്ടുമോയെന്ന് അറിയില്ല. സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.’’ – ഗിരീഷ് പ്രതികരിച്ചു.പുലർച്ചെ 3.30ന് ഈ ബസ് പുനലൂരിൽ നിന്നും യാത്ര ആരംഭിച്ച്, രാവിലെ 10.30ന് കോയമ്പത്തൂരിൽ എത്തിച്ചേരും. പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, മണ്ണുത്തി, പാലക്കാട് വഴിയാണ് ഇത് കോയമ്പത്തൂരിൽ എത്തിച്ചേരുക. തിരികെ വൈകിട്ട് 5ന് കോയമ്പത്തൂര് നിന്ന് യാത്ര തിരിക്കുന്ന ബസ്, വൈറ്റില വഴി രാത്രി 12.45ന് പുനലൂരിൽ എത്തിച്ചേരും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!