കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് ഇപ്പോൾ സങ്കീർണമാണ്. ലൈസൻസിനായി ഒരാൾ അപേക്ഷിക്കുകയാണെങ്കിൽ ടെസ്റ്റിന് തീയതി ലഭിക്കാൻ വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് നാലുമാസത്തോളം ആണ്. ടെസ്റ്റ് പാസായി വെബ്സൈറ്റിൽ ലൈസൻസ് വന്നിട്ടുണ്ടാകും. പക്ഷേ ഇനിയും പ്രിൻറ് ചെയ്ത കാർഡ് കിട്ടാതെ ഒരുപാട് പേരാണ് കാത്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിച്ച് ടെസ്റ്റ് പാസാവുന്നതുവരെ നാലുമാസം എടുക്കുന്നു. എന്നിട്ടും കയ്യിൽ ലൈസൻസ് കിട്ടാൻ അതിലേറെ സമയവും. വേഗത്തിൽ ലൈസൻസ് ലഭിക്കാനുള്ള പോംവഴി ഇപ്പോൾ മലയാളികൾ കണ്ടുപിടിച്ചിരിക്കുന്നത് തമിഴ്നാട്ടിലാണ്.തമിഴ്‌നാട്ടിൽ അപേക്ഷ കൊടുത്ത മൂന്നാംദിവസം ലേണേഴ്‌സ് ടെസ്റ്റില്‍ പങ്കെടുക്കാം. ലേണേഴ്‌സ് പാസായി 30 ദിവസം കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാം. ടെസ്റ്റ് കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രവൃത്തിദിവസം പ്രിന്റുചെയ്ത ലൈസന്‍സ് കാര്‍ഡ് ലഭിക്കും. വേഗത്തില്‍ ലൈസന്‍സ് ആവശ്യമുള്ള മലയാളികള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നുണ്ട്.അവിടെയുള്ള പല ഡ്രൈവിങ് സ്‌കൂളുകളും കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇവര്‍ തന്നെ ആധാറില്‍ താത്കാലികമായി തമിഴ്‌നാട് മേല്‍വിലാസം ചേര്‍ക്കും. ഒന്നര മാസം കഴിഞ്ഞ് ലൈസന്‍സ് ലഭിച്ചശേഷം ആധാറിലെ വിലാസം മാറ്റി പഴയതുപോലെ കേരളത്തിലേതാക്കി നല്‍കും. ചെലവ് നോക്കിയാലും രണ്ടിടത്തും ഏകദേശം തുല്യം. കേരളത്തില്‍ കാറിനും ബൈക്കിനും ഒന്നിച്ചുള്ള ലൈസന്‍സെടുക്കാന്‍ ക്ലാസ് ഉള്‍പ്പെടെ ഡ്രൈവിങ് സ്‌കൂളുകാര്‍ വാങ്ങുന്നത് ശരാശരി 10000 രൂപ. ഇതേ തുകയ്ക്ക് തന്നെ കമ്മിഷന്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍നിന്നു ലൈസന്‍സ് നേടാം.ഡ്രൈവിങ് ടെസ്റ്റ് ദിവസംമാത്രം ചെന്നാല്‍ മതി. പോയിവരുന്ന ചെലവുകൂടി കണക്കാക്കിയാലും പെട്ടെന്ന് ലഭിക്കുമെന്നതിനാല്‍ നഷ്ടമില്ല. ടെസ്റ്റും ഇവിടെത്തേതുപോലെ കടുപ്പമല്ലെന്നത് പരസ്യമായ രഹസ്യം. ആവശ്യമെങ്കില്‍ അപേക്ഷ നല്‍കി പിന്നീട് ലൈസന്‍സ് കേരള ആര്‍.ടി.ഒ.യിലേക്ക് മാറ്റാം. കേരളത്തില്‍ മേയ് മാസം ഡ്രൈവിങ് പരിഷ്‌കരണം വന്നതുമുതല്‍ ലൈസന്‍സ് ലഭിക്കാന്‍ വലിയ കാലതാമസമാണ്. ഒരു ഓഫീസില്‍ പ്രതിദിനം 40 ടെസ്റ്റുകള്‍ എന്ന രീതിയില്‍ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.ടെസ്റ്റ് നടത്താന്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ള ഓഫീസുകളില്‍ 80 ടെസ്റ്റ് നടത്താം. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പാസായി നിലവിലുള്ള അപേക്ഷകര്‍ പോകുന്ന മുറയ്ക്കാണ് ലേണേഴ്‌സ് ഉള്‍പ്പെടെ പുതിയ സ്ലോട്ടുകള്‍ ഓപ്പണാകുന്നത്. ഒപ്പം കാര്‍ഡ് പ്രിന്റിങ് കരാര്‍ പ്രശ്‌നങ്ങള്‍കൂടി ആയതോടെ വിദേശത്ത് പോകേണ്ടവര്‍ക്കൊക്കെ വലിയ ബുദ്ധിമുട്ടായി. അങ്ങനെയും ഒട്ടേറെ ആളുകള്‍ ഇത്തരം സംസ്ഥാനങ്ങളില്‍നിന്ന് ലൈസന്‍സ് എടുക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!