കുമ്പള: ജോലിക്കെത്തിയ വീട്ടിൽ നിന്നും ഐഫോണും സ്വർണ്ണാഭരണവും മോഷ്ടിച്ചതിന് അറസ്റ്റിലായ യുവതികൾ സഹോദരിമാർ. കുമ്പള കയ്യാറിൽ താമസക്കുന്ന പത്തനംതിട്ട സ്വദേശിനികളായ ജാൻസി ഫിലിപ്പ് (26), ബ്ലെസി ഫിലിപ്പ് (23) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശികളായ ഇരുവരും കുമ്പളയിൽ വീടുകളിൽ ആവശ്യാനുസരണം എത്തി ക്ലീനിംഗ് ജോലികൾ ചെയ്യുന്നവരാണ്. കുബണൂർ ബി.സി. റോഡിലെ റഹ്‌മത്ത് മൻസിലിലെ സൈനുദ്ദീന്റെ വീട്ടിൽ ജോലിക്കെത്തിയ ഇവർ മൂന്നേമുക്കാൽപ്പവൻ സ്വർണം, ഐ ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഉൾപ്പെടെ ഒരുലക്ഷത്തോളം വില വരുന്ന സാധനങ്ങൾ കടത്തിയെന്നാണ് പരാതി.ഒരു മാസം മുമ്പാണ് കുബണൂറിലെ വീട്ടിൽ ഇവർ ജോലിക്കായി എത്തിയത്. അന്ന് ഐ ഫോൺ വീട്ടിൽ നിന്ന് കാണാതായെന്ന് വീട്ടുകാർ പറഞ്ഞു. എവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. അതിനാൽ പോലീസിൽ പരാതി നൽകിയില്ല.ഓഗസ്റ്റ് 24, 25 തീയതികളിലാണ് ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തിയത്. അന്നാണ് സ്വർണവും മറ്റുപകരണങ്ങളും നഷ്ടപ്പെട്ടത്. ഇതോടെയാണ് മോഷണത്തിനു പിന്നിൽ ജോലിക്കായി എത്തിയവരായിരിക്കും എന്ന സംശയം ബലപ്പെട്ടത്.തുടർന്ന് ഇരുവരെയും ജോലിയുണ്ടെന്നു പറഞ്ഞു വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ മോഷണത്തിന് പിന്നിൽ തങ്ങളാണെന്നു ഇവർ സമ്മതിച്ചെന്നും മോഷണം പോയ ഫോണുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തുവെന്നും വീട്ടുകാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് യുവതികളെ പോലീസിനു കൈമാറിയത്.കുമ്പള ഇൻസ്പെക്ടർ പി.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.