കോടികളുടെ കുടിശ്ശിക വന്നതോടെ സംസ്ഥാനത്ത് വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍.സി., ലൈസന്‍സ് പെറ്റ്-ജി കാര്‍ഡുകളുടെ അച്ചടി ഇഴയുകയാണ്. ഇനി അച്ചടിക്കാൻ ഉള്ളത് ആറുലക്ഷത്തോളം കാർഡുകളാണ്. കേരളത്തില്‍ പെറ്റ്-ജി കാര്‍ഡുകള്‍ നല്‍കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ഐ.ടി.ഐ.) പാലക്കാടിന് കുടിശ്ശികയായി 14.17 കോടി രൂപ സര്‍ക്കാര്‍ കൊടുക്കാനുള്ളതാണ് മന്ദഗതിയിൽ നീങ്ങാൻ കാരണം.അച്ചടി പൂര്‍ത്തീകരിച്ച് മുഴുവന്‍ തുകയും കമ്പനിക്ക് നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതേത്തുടര്‍ന്ന് ബാക്കിയുള്ള ആര്‍.സി., ലൈസന്‍സ് എന്നിവ അച്ചടിച്ച് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. മേയ് മുതല്‍ ജൂലായ് വരെ 19 ലക്ഷം കാര്‍ഡുകളാണ് അച്ചടിച്ചത്. ഇതിനിടയിലാണ് 14.17 കോടി കുടിശ്ശിക വരുത്തിയത്. തുക കിട്ടാത്തതിനെ തുടര്‍ന്ന് കാര്‍ഡുകളുടെ അച്ചടി കുറച്ചു.വിദേശത്ത് പോകുന്നവരുള്‍പ്പെടെ അടിയന്തര ആവശ്യമുള്ളവര്‍ക്കുവേണ്ടി മാത്രമാണ് അച്ചടി നടന്നത്. സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത കാര്‍ഡുകളാണിവ. ലൈസന്‍സ്/വാഹന ഉടമയില്‍നിന്ന് തപാല്‍നിരക്കടക്കം 245 രൂപ പെറ്റ്-ജി സ്മാര്‍ട്ട് കാര്‍ഡിന് മുന്‍കൂറായി മോട്ടോര്‍വാഹനവകുപ്പ് ഈടാക്കുന്നുണ്ട്.സംസ്ഥാനത്ത് 2023 ഏപ്രില്‍ അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസന്‍സുകള്‍ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറിയത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ആര്‍.സി.) 2023 ഒക്ടോബര്‍ നാലുമുതല്‍ വിതരണം തുടങ്ങി. എന്നാല്‍ അച്ചടി 2023 നവംബറില്‍ നിന്നു. സര്‍ക്കാര്‍ 8.1 കോടി രൂപ കുടിശ്ശിക വരുത്തിയതിനാല്‍ പ്രിന്റിങ് മുടങ്ങി.സര്‍ക്കാര്‍ തുക നല്‍കിയപ്പോള്‍ 2024 മാര്‍ച്ചില്‍ വീണ്ടും പ്രിന്റിങ് തുടങ്ങി. കാലതാമസം ഒഴിവാക്കാന്‍ ദിവസ അച്ചടി 30,000 ആക്കി. ജൂണില്‍ എല്ലാവര്‍ക്കും പെറ്റ്-ജി കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി ഐ.ടി.ഐ. പാലക്കാട് സംവിധാനങ്ങള്‍ വിപുലീകരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!