പേരാമ്പ്ര കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചാത്തങ്കോട്ട് ശ്രീധരനെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീധരന്റെ മകന്‍ ശ്രീലേഷിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പേരാമ്പ്ര പൊലീസ് ഇന്‍സ്പകര്‍ പി. ജംഷീറാണ് അറസ്റ്റ് ചെയ്തത്, തെളിവെടുപ്പിനായി കൂത്താളി രണ്ടേയാറില്‍ എത്തിച്ചു. ഇരുവരും തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുള്ളതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും ഉണ്ടായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തിയാണ് സംഭവം കൊലപാതകം തന്നെയാണെന്ന് തെളിഞ്ഞത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.