ഇടുക്കി: വീട്ടിൽ ടിവി വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പീരുമേട്ടിൽ യുവാവ് സഹോദരന്റെ മർദ്ദനമേറ്റ് മരിക്കാൻ കാരണമായത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ അമ്മയെയും സഹോദരനേയും റിമാന്‍ഡുചെയ്തു.ചൊവ്വാഴ്ച രാത്രി ടി.വി. കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അടിപിടിയുംനടന്നു. ഇതിനിടെ കമ്പിവടിക്ക് അഖിലിന്റെ തലയ്ക്ക് അടിയേറ്റു. തടസ്സംനിന്ന അമ്മ തുളസിയെ അഖില്‍ മര്‍ദ്ദിച്ചു. ഇതോടെ, വീടിന്റെ പരിസരത്തെ കമുകില്‍ അഖിലിനെ കെട്ടിയിട്ടുമര്‍ദ്ദിച്ചു. കഴുത്തില്‍ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയുംചെയ്തു. കെട്ട് അഴിച്ചതോടെ അഖില്‍ കുഴഞ്ഞുവീണു. ഇതോടെ ഇരുവരും ചേര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി അഖിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു.അജിത്താണ് കുറ്റകൃത്യംചെയ്തത്. അമ്മ ഇതിന് കൂട്ടുനിന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. പീരുമേട് ഡിവൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപീചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമായി കണ്ടെത്തിയത്. അഖിലിന്റെ മൃതദേഹം സംസ്‌കരിച്ചു.