ദോഹ: ഖത്തറിലും സ്വദേശിവത്ക്കരണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച നിയമത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അനുമതി നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷമായിരിക്കും നിയമം പ്രാബല്യത്തിൽ വരുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും ഖത്തറിലെ സ്വദേശിവത്ക്കരണം.സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിപ്പിക്കനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനാകുമെന്നാണ് ഭരണകൂടം കണക്കുകൂട്ടുന്നത്. അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയിൽ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.വിഷൻ 2030 ന്റെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, സ്വദേശി മാനവവിഭവ ശേഷി കൂടുതലയായ് ഉപയോഗപ്പെടുത്തുക എന്നിവയും പുതിയ നിയമം കൊണ്ട് ലക്‌ഷ്യം വക്കുന്നു . നൂതന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനൊപ്പം ഉയർന്ന വൈദഗ്ധ്യമുള്ള ഖത്തരികളെ കൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും.സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനും ഖത്തറികൾക്കും ഖത്തറി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിലവസരങ്ങൾ നൽകാനും അതുവഴി യോഗ്യതയുള്ള സ്വദേശികളെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്താനും നിയമം അനുശ്വാസിക്കുന്നു.സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ ആകർഷണം വർധിപ്പിക്കുക, സ്വദേശികളെ ആകർഷിക്കുന്ന രീതിയിൽ കമ്പനികളുടെ കഴിവ് വർധിപ്പിക്കുക, സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക, യോഗ്യരായ ഉദ്യോഗസ്ഥരുടെ തൊഴിൽ വിപണി ആവശ്യകത നിറവേറ്റുക, സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിൻറെ ലക്ഷ്യങ്ങൾ .പുതിയ നിയമത്തിന് കീഴിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഉൾപ്പെടുമെന്ന് തൊഴിൽ മന്ത്രലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. വാണിജ്യ റജിസ്‌ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ , രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യം വയ്ക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. സ്ഥാപനത്തിന്റെ നിലവാരം , തൊഴിലാളികളുടെ എണ്ണം, ജോലി എന്നിവയെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിച്ച് സ്വകാര്യ മേഖലയ്‌ക്കായി തൊഴിൽ ദേശസാൽക്കരണ പദ്ധതി നടപ്പിലാക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.