കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി നിരവധി താരങ്ങളാണ് തങ്ങൾ നേരിട്ട് ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. പലരും പല നടന്മാരുടെയും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുടെയും പേര് ഉൾപ്പെടെ വെളിപ്പെടുത്തിയാണ് തുറന്നുപറച്ചിൽ നടത്തിയത്. ഇവർക്കെതിരെ എല്ലാം തന്നെ പ്രത്യേക അന്വേഷണസംഘത്തിന് പലരും കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്നവർ ഉൾപ്പെടെയാണ് ആരോപണങ്ങൾ നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ താര സംഘടനയായ അമ്മയുടെ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ ഓഫീസിനു മുൻപിൽ റീത്തു വച്ചുള്ള ലോ കോളേജ് വിദ്യാർഥികളുടെ പ്രതിഷേധം ഉൾപ്പെടെ വൻ ചർച്ചയായിരുന്നു. അച്ഛൻ ഇല്ലാത്ത അമ്മയ്ക്ക് എന്നായിരുന്നു റീത്തിൽ എഴുതി വെച്ചിരുന്നത്.താരങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഉയർന്നു വന്നതിന് പിന്നാലെ ട്രോളന്മാർക്ക് ചാകരയാണ്. പലരുടെയും ഇപ്പോഴത്തെ വിഷയം തന്നെ താരങ്ങൾക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ തന്നെയാണ്. അമ്മയ്ക്ക് മുൻപിലുള്ള റീത്ത് വച്ചുള്ള കലാപരിപാടിക്ക് പിന്നാലെ ഇപ്പോഴിതാ അമ്മ ആസ്ഥാനം ഓഫീസ് ഓൺലൈൻ വില്പന സെറ്റായ ഒഎൽഎക്‌സിൽ വിൽപ്പനയ്ക്കിട്ടിയിരിക്കുകയാണ് ഏതോ വിരുതന്മാർ. ഇരുപതിനായിരം രൂപയാണ് വിലയായി ഇട്ടിരിക്കുന്നത്. അർജന്റ് സെയിൽ എന്ന് നൽകിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങൾ ഒഎൽഎക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 20000 സ്ക്വയർഫീറ്റിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. എന്നാൽ ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല. പക്ഷെ ഈ കലാപരിപാടിയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെളിപ്പെടുത്തലുകളിൽ കുറ്റാരോപിതരായവർ ഉൾപ്പെട്ട സാഹചര്യത്തിൽ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കുറ്റാരോപിതനായ നടൻ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ എഎംഎംഎയുടെ തലപ്പത്ത് വനിതകൾ വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്