തിരുവനന്തപുരം: ഭർത്താവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവതി ഒളിവിലെന്ന് പൊലീസ്. നരുവാമൂട് മച്ചേൽ അയ്യൻപുറ സാഗർവില്ല വീട്ടിൽ പ്രസാദിന്റെ ഭാര്യ ചിഞ്ചുവിനെ ഇനിയും കണ്ടെത്താനായില്ല. ഈ മാസം 26ന് അർദ്ധരാത്രിയിരുന്നു ചിഞ്ചു ഭർത്താവ് പ്രസാദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. പ്രസാദിന്റെ തലയിൽ 15 തുന്നലുണ്ട്. കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.ചിഞ്ചുവിന്റെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ പ്രസാദ് മുടക്കിയിരുന്നു. ഓണക്കാലത്ത് ഓഫർ ഉള്ളതിനാൽ ഒരു പുതിയ കാർ വാങ്ങാൻ പ്രസാദ് പദ്ധതിയിട്ടു. കാർ വാങ്ങുന്നതിനായി ഈ പണം തിരികെ നൽകുകയോ അല്ലെങ്കിൽ പുതിയ കാർ വാങ്ങാൻ ജാമ്യം നിൽക്കുകയോ വേണമെന്നായിരുന്നു പ്രസാദിന്റെ ആവശ്യം. എന്നാൽ, ചിഞ്ചുവും കുടുംബവും ഇതിന് തയ്യാറായില്ല. ഇതാണ് തർക്കത്തിനിടയാക്കിയത്. പകൽ നടന്ന തർക്കം രാത്രിയിലാണ് മൂർച്ഛിച്ചത്. തുടർന്ന് പ്രസാദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രസാദിന് ആക്രമണം തടയുന്നതിനിടെ കൈക്കും പരിക്കേറ്റു.നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ ശാന്തിവിള ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. വഴക്കിനിടെ ചിഞ്ചു മരക്കഷണം കൊണ്ട് അടിച്ചതായി പ്രസാദ് നരുവാമൂട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇരുകൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!