തേക്കടി തടാകത്തില്‍ ഇനി സ്വകാര്യ ബോട്ടിങ്ങും. പെരിയാര്‍ കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് 17 സീറ്റുള്ള ബോട്ടാണ് ഒരുക്കുന്നത്. ‘പെരിയാര്‍ ക്രൂയിസ്’ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഒരാള്‍ക്ക് ആയിരം രൂപയാണ് ചാർജ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈനായി ബുക്കിങ് ഉടനാരംഭിയ്ക്കും. സ്വകാര്യ ബോട്ട് സര്‍വീസിന് ആവശ്യക്കാര്‍ കുറവുള്ളപ്പോള്‍ തേക്കടിയിലെ സാധാരണ ബോട്ടിങ്ങിന് ഈ ബോട്ട് ഉപയോഗിക്കുമെന്ന് തേക്കടി റേഞ്ച് ഓഫീസര്‍ കെ.ഇ. സിബി പറഞ്ഞു.മുഴുവന്‍ തുക അടച്ച് ആര്‍ക്ക് വേണമെങ്കിലും സ്വകാര്യ സര്‍വീസിന് ബോട്ട് എടുക്കാം. രാവിലെ 6.30 മുതല്‍ വൈകീട്ട് 5.30 വരെ പരമാവധി ഏഴ് സര്‍വീസ് പ്രതിദിനം നടത്താനാണ് നീക്കം. ഒന്നരമണിക്കൂറാണ് ഒരു സര്‍വീസിന്റെ ദൈര്‍ഘ്യം. സെപ്റ്റംബര്‍ പകുതിയോടെ സൗകര്യമൊരുക്കി തുടങ്ങും. ബോട്ടില്‍ പരിചയസമ്പന്നരായ ടൂറിസ്റ്റ് ഗൈഡുകളെയും ചായ, സ്നാക്സ്, ബൈനോക്കുലര്‍ തുടങ്ങിയവയും ലഭ്യമാക്കും.സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍വരെ തേക്കടിയില്‍ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ്. പരിമിതമായി വനംവകുപ്പിന്റെയും കെ.ടി.ഡി.സി.യുടെയും ബോട്ട് സര്‍വീസുകളില്‍ വിദേശീയരടക്കമുള്ള സഞ്ചാരികള്‍ക്ക് പലപ്പോഴും ബോട്ടിങ് നടത്താന്‍ കഴിയാതെവരുന്നുണ്ട്. തേക്കടി ടൂറിസത്തിന്റെ ജീവനാഡിയായ ബോട്ടിങ് കിട്ടാതെയാകുന്നതോടെ സഞ്ചാരികള്‍ ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്ക് വ്യാപകമായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള ആശയത്തിലേക്ക് വനംവകുപ്പ് എത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!