തൃശ്ശൂർ: ചെറുതുരുത്തി ടൗണിൽ പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയായി സൂപ്പർ മാർക്കറ്റിന് മുകളിൽ കഞ്ചാവ് ചെടി കണ്ടെത്തി. അഞ്ചടിയോളം വളർച്ചയുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ.ആർ നിഖിലിന് ലഭിച്ച രഹസ്യവിവരത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ വിനീത് മോൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർ ചേർന്ന് പരിശോധന നടത്തിയപ്പോളാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയുള്ള ടൗണിൽ സ്ഥിതിചെയ്യുന്ന ബിസ്മി സൂപ്പർമാർക്കറ്റിന്റെ മുകളിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ നിറയെ മാലിന്യങ്ങൾ കൂടിക്കിടക്കുന്നുണ്ടായിരുന്നു. നിരവധി മദ്യക്കുപ്പികളും ഇവിടെ പോലീസ് സംഘം കണ്ടെത്തി. റോഡിൽ നിന്ന് നോക്കുന്ന ആളുകൾ കാണാതിരിക്കുന്നതിന് വേണ്ടി ചെടി മറച്ച രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറുതുരുത്തിയിൽ കോഴിഫാമിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ സംഭവത്തിൽ നേരത്തെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു