തിരുവനന്തപുരം: പ്രകൃതി താണ്ഡവമാടിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ തുക പിടിക്കുന്ന സാലറി ചലഞ്ചിന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിനു തയാറാകാത്ത ജീവനക്കാരെയും ഉൾപ്പെടുത്തി തന്നെ മുന്നോട്ടുപോകാൻ ആണ് നീക്കങ്ങൾ. സാലറി ചലഞ്ചിനോട് സഹകരിക്കാത്തവർക്ക് എതിരെ കടുത്ത നടപടിയ്ക്ക് ആണ് സാധ്യത. അതിന്റെ ഭാഗമായി. ഇത്തരത്തിൽ സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ് വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്.ഇതോടെ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന അറിയിച്ചു. അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നത്. എന്നാല്‍, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തില്‍ കുറവ് ശമ്പളം സംഭാവന ചെയ്യാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.ഇതിനിടെ, സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് സര്‍ക്കുലര്‍ പുറത്തിറങ്ങി. അഞ്ചുദിവസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കും. നിശ്ചിത സമയത്തിനുള്ളില്‍ സമ്മതപത്രം നല്‍കിയില്ലെങ്കിലും സമ്മതം നല്‍കിയതായി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!