കോഴിക്കോട് : കേരളത്തിലെ പൂ മാർക്കറ്റിൽ മുല്ലപ്പൂവിനും വ്യാജൻ. തമിഴ്നാട്ടിൽ നിന്നും മുല്ലപ്പൂ എന്ന വ്യാജേനയെത്തുന്ന നമ്പിമുല്ലയെന്ന നമ്പ്യാർവട്ടം തലയിൽ ചൂടുന്നതിലൂടെ മുടികൾക്ക് വലിയ ദോഷമുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒറ്റ കാഴ്ച്ചയിൽ മുല്ലപ്പൂ എന്നു തന്നെ തോന്നുമെങ്കിലും നമ്പി മുല്ലയ്ക്ക് മണമില്ല. ഇതിന് കറയുമുണ്ട്. ഈ കറയാണ് മുടി നാശമാക്കുക. വർഷങ്ങളായി കേരളത്തിലെ പൂവിപണിയിൽ നമ്പി മുല്ലയുടെ സാന്നിധ്യമുണ്ടെങ്കിലും അടുത്തിടെയായി ഇതിന്റെ വരവ് വർധിച്ചിട്ടുണ്ട്.വിരിയുന്നതിനുസരിച്ച് വെള്ളനിറം കൂടും. മുല്ലതന്നെ കുടമുല്ല, കുരുക്കുത്തിമുല്ല എന്നുണ്ട്. യഥാർഥ മുല്ല കുരുക്കുത്തിയാണ്. മുല്ലപ്പൂവിന് 12 മണിക്കൂറാണ് പരമാവധി ആയുസ്സ്. 800 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന്റെ വില. നമ്പി മുല്ലയ്ക്ക് കിലോ 300 രൂപയും. ഓണക്കാലമായതിനാൽ പ്രതിദിനം വിലയിൽ മാറ്റംവരും. ഈ വില വ്യത്യാസമാണ് വ്യാപാരികൾക്ക് നമ്പി മുല്ലയോട് പ്രിയം കൂടാൻ കാരണം. 300 രൂപയുടെ നമ്പി മുല്ല 800 രൂപയുടെ കുരുക്കുത്തിമുല്ലയ്ക്കൊപ്പം വിറ്റ് ലാഭം കൊയ്യാനാകും.കേരളത്തിലെ നന്ത്യാർവട്ടത്തിന്റെ ചെടികളോട് സാമ്യമുള്ളതാണ് നമ്പി മുല്ലയുടെ ചെടികളും. എന്നാൽ ഇതിന്റെ പൂക്കൾക്ക് മുല്ലയോടാണ് സാമ്യം. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപമാണ്. ചാർത്തുമാലകളിലും കല്യാണമാലകളിലുമാണ് പ്രധാനമായും മുല്ലയ്ക്കുപകരം ഇവ ഉപയോഗിക്കുന്നത്. കറ അധികമായതിനാൽ തലയിൽ ചൂടിയാൽ മുടി നാശമാകും. മുല്ലയുടെ പകുതി വിലയുള്ള ഇവ ഒരു ദിവസം മുഴുവൻ പുറത്തുവച്ചാലും വാടില്ല എന്നതാണ് പ്രത്യേകത. അധികം വിരിയില്ല.കല്യാണ അലങ്കാരങ്ങൾക്കും ക്ഷേത്രാലങ്കാരങ്ങൾക്കുമാണ് നമ്പിക്ക് ആവശ്യക്കാർ. മണമില്ലെന്നുമാത്രം ആരും തിരിച്ചറിയില്ല. തമിഴ്നാടിനു പുറമേ കർണാടക ആന്ധ്ര എന്നിവിടങ്ങളിലെല്ലാം നമ്പി ധാരാളമുണ്ട്. പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്കെത്തുന്നത്. മുൻപ് ട്യൂബ് റോസായിരുന്നു മുല്ലയ്ക്കൊപ്പം വിപണി കീഴടക്കിയ വരത്തൻ. കാലഘട്ടത്തിനനുസരിച്ച് പൂക്കളും മാറി. ഇപ്പോൾ ട്യൂബ് റോസിന്റെ വരവ് കുറഞ്ഞതോടെ നമ്പി കൂടി. യഥാർഥ പൂക്കൾ മാത്രമല്ല, നമ്പിയുടെ പ്ലാസ്റ്റിക് മാലയും വിപണിയിൽ സജീവമാണ്. മുല്ലമൊട്ടുപോലെ ചേർന്നു കിടക്കുന്ന ഇവ വിഗ്രഹങ്ങളിൽ ചാർത്താനാണ് ഏറെയും ഉപയോഗിക്കുന്നത്. പല കടക്കാരും തണ്ടിന്റെ നീളം കുറച്ച് മുല്ലയ്ക്കൊപ്പം ഇടകലർത്തി ലാഭം കൊയ്യാറുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!