നെടുങ്കണ്ടം: രണ്ടു യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറി കണ്ണിൽ മുളകുപൊടി വിതറി 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് എല്ലാം വീട്ടമ്മയുടെ തിരക്കഥയെന്നും നെടുങ്കണ്ടം പൊലീസാണ് മണിക്കൂറുകൾക്കുള്ളിൽ വീട്ടമ്മയുടെ വ്യാജ പരാതി പൊളിച്ചടുക്കിയത്. ഉടുമ്പൻചോല കോമ്പയാർ സ്വദേശിനിയായ വീട്ടമ്മയാണ് വ്യാജ പരാതി നൽകിയത്.ഇന്നലെ വൈകിട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങൾ തട്ടിയെന്നാണു യുവതി ആരോപിച്ചത്. രണ്ടംഗ സംഘമാണ് എത്തിയത്. അവർ മുഖംമൂടി ധരിച്ചിരുന്നു. നെടുങ്കണ്ടം എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ വീട്ടമ്മ കുഴഞ്ഞു.മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു. ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ളവർ വരുമെന്നും കൂടുതൽ പ്രശ്നമാകുമെന്നു മനസ്സിലാക്കിയ വീട്ടമ്മ മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശത്തു വീട്ടമ്മ ചിട്ടി നടത്തുന്നതായി നാട്ടുകാർ പറഞ്ഞു. സമയബന്ധിതമായി നൽകേണ്ട ചിട്ടിപ്പണം കൈവശം ഇല്ലാതെ വന്നപ്പോൾ സൃഷ്ടിച്ച നാടകമാണെന്നാണ് സൂചന.