ബെംഗളൂരു: ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്ത് തിരച്ചിലിനിറങ്ങിയ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് എം വിജിൻ എംഎൽഎ. മൂന്ന് തവണ ഈശ്വർ മൽപെ മുങ്ങിയെന്നും നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎൽഎ പറഞ്ഞു.സിഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ലെന്നും എംഎൽഎ പറഞ്ഞു. നിലവിൽ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വർ മൽപെ പ്രകടിപ്പിക്കുന്നതെന്നും എം വിജിൻ എംഎൽഎ പറഞ്ഞു. പുഴയിൽ ഇറങ്ങിയ ആളുമായി കരയിൽ ഉള്ളവർക്ക് ആശയവിനിമയം നടക്കുന്നുണ്ട്. നദിക്കടിയിൽ വലിയ പാറകളുണ്ടെന്നും എംഎൽഎ പറഞ്ഞു.ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.