കോഴിക്കോട്: ഷിരൂരിൽ ലോറി കരയിലില്ലെന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ സൈന്യം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 90 ശതമാനം മണ്ണുനോക്കിയിട്ടും അർജുനെയും ലോറിയെയും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഈ നിഗമനത്തിലേക് സൈന്യവും എത്തിയിരിക്കുന്നത്. ലോറി കരയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രയും മണ്ണു നീക്കിയ സ്ഥിതിക്ക് എന്തെങ്കിലും സൂചന ലഭിക്കുമെന്നാണു ദൗത്യസംഘം പറയുന്നത്.റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്കു പതിച്ചേക്കാമെന്ന സംശയത്തിലാണു സൈന്യം.എന്നാൽ ലോറി വീണത് നദിയിൽ ആണെങ്കിൽ ഇതിനകം തന്നെ കയർ പൊട്ടുകയും തടിക്കഷണങ്ങൾ വെള്ളത്തിൽ ഒഴുകുകയും ചെയ്തേനെ. എന്നാൽ ഒറ്റ തടിക്കഷണവും വെള്ളത്തിൽ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അർജുനും ലോറിയും എവിടെയെന്ന ചോദ്യം കൂടുതൽ സങ്കീർണമാകുന്നു.ലോറി നിർത്തിയിട്ടിടത്തുനിന്നു നീങ്ങിപ്പോയിട്ടില്ലെന്ന നിലപാടിലാണ് ലോറി ഉടമ മനാഫ്. ലോറി നിര്‍ത്തിയിട്ട ഭാഗത്തുനിന്നു മണ്ണിടിച്ചിലിൽ തള്ളിപ്പോയെങ്കില്‍ ചായക്കടയുണ്ടായിരുന്ന ഭാഗത്ത് ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വണ്ടി തള്ളിപ്പോന്നുവെങ്കില്‍ ഒന്നുരണ്ടു തവണ മറിയാനുള്ള സാധ്യതയുമുണ്ട്. ലോറി മറിഞ്ഞിരുന്നെങ്കില്‍ ലോറിയിലുളള തടിക്കഷണങ്ങളിലൊന്നെങ്കിലും പരിസരത്ത് കണ്ടെത്തിയേനെ. ഒരു തടിക്കഷണം പോലും ഇവിടെനിന്നും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു നിര്‍ത്തിയിട്ട ഭാഗത്തുനിന്നു വണ്ടി നീങ്ങിയിട്ടില്ലെന്നു മനസിലാക്കാം. 40 ടണ്‍ ഭാരമുള്ള ലോഡാണ് വണ്ടിയിലുള്ളത്. നാനൂറിലധികം തടിക്കഷണങ്ങളുണ്ട് ലോറിയിൽ. മണ്ണിടിച്ചിലില്‍ ലോറി പുഴയിലേക്കു പോയെങ്കില്‍ ഒരു കഷണം തടിയെങ്കിലും എവിടെയെങ്കിലും കാണണ്ടേയെന്നും മനാഫ് ചോദിക്കുന്നു