ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കിയിരുന്നു.രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോഗം നടക്കുന്നുണ്ട്. ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.അതേസമയം തിരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമാണെന്നും റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയിൽ മണ്ണുമല രൂപപ്പെട്ടിരുന്നു.റോഡില്‍ ലോറി പാര്‍ക്ക് ചെയ്തതെന്ന് കരുതുന്ന, മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അർജുനടക്കം മൂന്ന് പേര് കണ്ടെത്താനുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.