പാലക്കാട്: ഭാര്യവീടിന് തീയിട്ട ശേഷം ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് യുവാവ്. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല മങ്കര പുള്ളോട്ടാണ് സംഭവം. വീട്ടിൽ തീപടരുന്നത് കണ്ട് വീട്ടുകാർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ മൂന്നം​ഗ കുടുംബം അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. പാറയിൽ വീട്ടിൽ നൂർജഹാൻ (40), മകൻ സൽമാൻ ഫാരീസ് (21), ഉമ്മ മറിയ (60) എന്നിവർ താമസിക്കുന്ന വീടിനാണ് നൂർജ​​ഹാന്റെ ഭർത്താവ് ഫാറൂഖ്(45) തീകൊളുത്തിയത്. ഇന്നലെ പുലർച്ചെ നാലുമണിക്കാണ് സംഭവം.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്:ഫാറൂഖും നൂർജഹാനും രണ്ടാം വിവാഹം കഴിച്ചവരാണ്. മുൻപു നൂർജഹാന്റെ വീട്ടിൽത്തന്നെയായിരുന്നു ഫാറൂഖിന്റെ താമസവും. 2 വർഷമായി അകന്നു കഴിയുന്ന ഇവർ തമ്മിൽ വലിയ ബന്ധം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഡീസൽ കാനുമായി പുള്ളോട്ടെ വീട്ടിലെത്തിയ ഫാറൂഖ് ഇവർക്കുനേരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്നു നൂർജഹാൻ മങ്കര പൊലീസിൽ പരാതി നൽകി.ഇന്നലെ പുലർച്ചെ വീണ്ടും സ്ഥലത്തെത്തിയ ഫാറൂഖ് വീടിനു ചുറ്റും ഡീസൽ ഒഴിച്ചു തീവയ്ക്കാൻ ശ്രമം നടത്തുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിലും ചവിട്ടിയിലും തീ പടരുന്നതു ശ്രദ്ധയിൽപെട്ട മറിയ മകളെ വിളിച്ചു വിവരം പറഞ്ഞു. മകൻ വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഒടുവിൽ മേൽക്കൂര പൊളിച്ചു പുറത്തിറങ്ങി വാതിൽ തുറക്കുകയായിരുന്നു. തീ കാര്യമായി പടരാത്തതിനാൽ ദുരന്തം ഒഴിവായി. വീട്ടുകാർ വിവരമറിയിച്ചതോടെ മങ്കര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണു ശുചിമുറിയിൽ കൈ മുറിച്ച നിലയിൽ ഫാറൂഖിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!