തിരുവനന്തപുരം: കെഎസ്ഇബി ഓഫിസിൽ അക്രമം നടത്തിയ യുവാക്കളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം ആണ് ഇപ്പോൾ ചർച്ച. തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ ആയിരുന്നു കെഎസ്ഇബിയുടെ പ്രതികാര നടപടി. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യം വന്നാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർക്ക് നിയമപരമായി കഴിയുമോ? സാധിക്കില്ല എന്നാണ് ഉത്തരം. ഒരാൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ കുടുംബത്തിലെ എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ കെഎസ്ഇബിക്ക് കഴിയില്ല. പക്ഷെ അക്രമത്തിലൂടെ നഷ്ടം ഉണ്ടായെന്നു കാട്ടി കെഎസ്ഇബിക്ക് നിയമ നടപടി സ്വീകരിക്കാം. തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി ഉള്ളാറ്റിൽ യു.സി.അജ്മലിന്റെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് യുവാവിനെയും സഹോദരനെയും റിമാൻഡ് ചെയ്യുകയും ചെയ്തു.വൈദ്യുതി വിച്ഛേദിക്കാനുള്ള ബോർഡ് ചെയർമാന്റെ ഉത്തരവിന് നിയമസാധുതയുമില്ല. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്.വൈദ്യുതി വിച്ഛേദിക്കേണ്ടത് ഇങ്ങനെ:∙ ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കാം. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന കാര്യം ബില്ലിൽ തന്നെ പറയുന്നതിനാൽ പ്രത്യേക നോട്ടിസിന്റെ ആവശ്യമില്ല. വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോൾ എസ്എംഎസായും ഫോണിലൂടെയും നേരത്തെ അറിയിപ്പ് നൽകണം.∙ വൈദ്യുതി മോഷണം നടന്നതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ വൈദ്യുതി വിച്ഛേദിച്ച് നിയമനടപടി സ്വീകരിക്കാം.∙ വൈദ്യുതി കണക്‌ഷൻ അപകടം ഉണ്ടാക്കുന്നതാണെങ്കിൽ, വീട്ടുകാരെ അറിയിച്ച് തുടർനടപടികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കാം.∙ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിച്ഛേദിക്കാനുള്ള സമയം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!