ഹാംബു‍ർഗ്: തീപാറിയ പോരാട്ടത്തിനൊടുവിൽ യൂറോ കപ്പ് സെമിയിൽ ഇടംനേടി ഫ്രാൻസ്. പോർച്ചു​ഗലിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിയിൽ പ്രവേശിച്ചത്. ആവേശവും ഉ​ദ്വേ​ഗവും നിറഞ്ഞുനിന്ന മത്സരത്തിൽ ഇരു രാജ്യങ്ങളും ​ഗോൾ വഴങ്ങാതെ മത്സരം ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. സെമിയിൽ ഫ്രാൻസ് സ്പെയിനിനെയാണ് നേരിടേണ്ടത്. ഈ മാസം ഒമ്പതിന് രാത്രി 12.30നാണ് ഫ്രാൻസ് – സ്പെയിൻ സെമി ഫൈനൽ.ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി. എന്നാൽ, പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. (5–3). 90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോൾമേഖലയിൽ നടന്ന മിന്നലാക്രമങ്ങൾ ഗോളാകാതെ പോയതിന്റെ തുടർച്ചയായിരുന്നു ഷൂട്ടൗട്ട്. ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിനും മത്സരം വേദിയായി. ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഫ്രാൻസ് ഗോളി മൈക്ക് മെയ്നാനും പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയും നടത്തിയ രക്ഷപ്പെടുത്തലുകളും മത്സരം എക്സ്ട്രാ ടൈമിലേക്കു നീട്ടി. പോർച്ചുഗലിന്റെ വെറ്ററൻ ഡിഫൻഡർ പെപ്പെയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര കിലിയൻ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസിന്റെ മുന്നേറ്റനിരയ്ക്ക് പലവട്ടം ഗോളവസരങ്ങൾ നിഷേധിച്ചു.മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കങ്ങൾക്കു മൂർച്ച കുറഞ്ഞതു പോർച്ചുഗലിനും തിരിച്ചടിയായി. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം കൊണ്ടു മാത്രമാണ്, പന്തവകാശത്തിൽ മുന്നിൽനിന്നിട്ടും പോർച്ചുഗലിനു മത്സരം ജയിക്കാൻ കഴിയാതെ പോകാൻ കാരണം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!