ജയ്പൂർ: വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ കുടുംബം ചേർന്ന് കൊലപ്പെടുത്തി. ഷിംല കുശ്‍വാഹ എന്ന 24 വയസുകാരിയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ആണ് മകളെ കൊന്നു കത്തിച്ചത്. ഭർത്താവിന്റെ മുന്നിൽ വച്ചാണ് കുടുംബത്തിന്റെ കൊടും ക്രൂരത അരങ്ങേറിയത്. രാജസ്ഥാനിലെ ജലവാറിലാണ് ദുരഭിമാനക്കൊല നടന്നത്.ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ മാറിത്താമസിച്ചു. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ ഗ്രാമത്തിൽ കഴിയവേ ഷിംലയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. വ്യാഴാഴ്ച രവി ഭീലിനൊപ്പം ബാങ്കിൽ പോകവേ ഷിംലയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.തുടർന്ന് രവി ഭീൽ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് ഷിംലയെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. ഇക്കാര്യം ഉറപ്പിക്കാൻ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് അടൽ പറഞ്ഞു. കുടുംബാംഗങ്ങൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!