തിരുവനന്തപുരം: റേഷൻ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എട്ട്, ഒമ്പത് തീയതികളിൽ കടകളടച്ച് വ്യാപാരികൾ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപ്പകൽ സമരം നടത്തും. ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് റേഷൻ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു.സംസ്ഥാനത്തെ 14,300 റേഷൻ വ്യാപാരികളുടെ ദുരിതങ്ങൾ മുഖ്യമന്ത്രിയെയും, ധന-ഭക്ഷ്യ വകുപ്പ് മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോ ഓർഡിനേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കമ്മിഷൻ അതാതുമാസം നൽകുന്നില്ല. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻ കോടതി ഉത്തരവുണ്ടായിട്ടും നൽകിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ മൂവായിരത്തോളം കടകൾ പൂട്ടാനുള്ള നീക്കത്തിലാണ്. പ്രശ്‌നങ്ങളിൽ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കുൾപ്പെടെ നീങ്ങും.ഈ സമരം കൊണ്ടും സർക്കാർ കണ്ണ് തുറന്നില്ലെങ്കിൽ അനിശ്ചിത കാല സമരം നടത്തുമെന്നും സംഘടന വ്യക്തമാക്കി. റേഷൻ കടകളിലേക്ക് കൃത്യമായ സാധനങ്ങൾ സർക്കാർ എത്തിക്കുന്നില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങാൻ ഒരു മാസമോ അതിലധികമോ കാത്തിരിക്കേണ്ട അവസ്ഥയാണ്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷനിൽ 43 കോടി രൂപ ലഭിക്കാനുണ്ടെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.