ബെംഗളൂരു: ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നടിയും മോഡലുമായ പവിത്ര ഗൗഡ ഒന്നാം പ്രതി. കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറും പവിത്രയുടെ കാമുകനുമായ ദർശൻ തൂഗുദീപ കേസിൽ രണ്ടാം പ്രതിയാണ്. പവിത്രയുടെ ആവശ്യപ്രകാരമാണ് മുപ്പത്തിമൂന്നുകാരനായ രേണുകാ സ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേർകൂടി അറസ്റ്റിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടതാണ് പവിത്രയെ പ്രകോപിപ്പിച്ചത്. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നായിരുന്നു രേണുകാ സ്വാമിയുടെ പരാതി. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തി. രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തി. രാവിലെ ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്ത അന്നപൂർണേശ്വരീ പോലീസ് സ്റ്റേഷനുമുമ്പിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.ദർശൻ തൂഗുദീപയും കാമുകിയും നടിയുമായ പവിത്ര ഗൗഡയും കൊലക്കേസിൽ അറസ്റ്റിലായതോടെ വീണ്ടും വാർത്തകളിൽ നിറയുന്നത് വിവാഹിതരായ ഇരുവരുടെയും പ്രണയബന്ധത്തിന്റെ കഥകളാണ്. വർഷങ്ങളായി കന്നഡ സിനിമാ ലോകത്ത് വിവാദ ചർച്ചാ വിഷയമാണ് ദർശൻ തൂഗുദീപയും പവിത്ര ഗൗഡയും തമ്മിലുള്ള പ്രണയം. ഇരുവരും മറ്റൊരു വിവാഹം കഴിച്ച് കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്നതിനൊപ്പമാണ് പ്രണയജീവിതം ആരംഭിച്ചത്. വിജയലക്ഷ്മിയാണ് ദർശന്റെ ഭാര്യ. ദമ്പതികൾക്ക് ഒരു മകനുമുണ്ട്. സഞ്ജയ് സിങ്ങാണ് പവിത്രയെ വിവാഹം കഴിച്ചത്. ഇവരുടെ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഖുശി ഗൗഡ എന്നാണ് പവിത്രയുടെ മകളുടെ പേര്.കഴിഞ്ഞ പത്തുവർഷമായി പവിത്രയും ദർശനുമായി പ്രണയത്തിലാണ്. ഇക്കാര്യം തുറന്നു പറയുന്നതിൽ പവിത്ര ഒരിക്കലും മടി കാണിച്ചിട്ടുമില്ല. എന്നു മാത്രവുമല്ല, ദർശന്റെ ഭാര്യ വിജയലക്ഷ്മിക്ക് തങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയാമെന്നും അവരുടെ സമ്മത പ്രകാരമാണ് ബന്ധം മുന്നോട്ട് പോകുന്നതെന്നും വരെ പവിത്ര പറഞ്ഞിരുന്നു. എന്നാൽ, ദർശന്റെ പ്രണയത്തെ ചൊല്ലി പവിത്രയും വിജയലക്ഷ്മിയും തമ്മിൽ വാക്‌പോരും നടന്നിട്ടുണ്ട്. ഇപ്പോൾ ഒരാളുടെ കൊലപാതകത്തിലും തുടർന്ന് ദർശന്റെയും പവിത്രയുടെയും അറസ്റ്റിലും കലാശിച്ചതും പ്രണയബന്ധത്തിന്റെ പേരിലാണ്.ദർശന്റെ കടുത്ത ആരാധകനായ രേണുകാ സ്വാമിയെന്ന മുപ്പത്തിമൂന്നുകാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ നടനും കാമുകിയും അറസ്റ്റിലായിരിക്കുന്നത്. ദർശന് പവിത്രയുമായുള്ള അവിഹിത ബന്ധം നടന്റെ ആരാധകനായ രേണുക സ്വാമിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പവിത്രക്കെതിരെ പ്രതികരിച്ചു. രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചെന്ന് ഫാൻസുകാരാണ് നടനോട് പറഞ്ഞത്. ഇതോടെ ഇയാളെ കണ്ടെത്താൻ നടൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആർ ആർ നഗറിലെ ദർശന്റെ വീട്ടിലെ കാർ പോർച്ചിൽ വച്ച് ഇയാളെ നടനും ക്വട്ടേഷൻ സംഘാംഗങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനിടെ ഇയാൾ മരിച്ചു. തുടർന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെയാണ് ബെംഗളുരുവിലെ സോമനഹള്ളിക്ക് അടുത്തുള്ള കാമാക്ഷിപാളയയിലെ ഒരു പാലത്തിന് കീഴെ മാലിന്യക്കൂമ്പാരത്തിൽ ഒരു മൃതദേഹം കിടക്കുന്നത് നാട്ടുകാർ കണ്ടത്. തെരുവുനായ്ക്കൾ കടിച്ച് വലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. മരിച്ചത് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ഗിരിനഗർ പൊലീസിന് മുമ്പാകെ കീഴടങ്ങി. സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് ഇയാളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചാണ് മൂവരുമെത്തിയത്. ഇത് പൂർണമായും വിശ്വസിക്കാതിരുന്ന പൊലീസ് എല്ലാവരെയും വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ ദർശന്റെ പങ്ക് വെളിവായത്. ഇതോടെയാണ് ഇന്നലെ നടനെയും കാമുകിയേയും അറസ്റ്റ് ചെയ്തത്. ദർശനെ മൈസുരുവിലെ ഫാം ഹൗസിൽ വച്ചും നടിയെ ബെംഗളുരുവിലെ വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.