കൊച്ചി: സ്വർണക്കടത്തിലെ നൂതന രീതികൾ കണ്ട് ഞെട്ടുകയാണ് കേരളത്തിലെ വിമാനത്താവളങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസുകാരും. നെടുമ്പാശ്ശേരിയിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ 73 പവൻ സ്വർണം കടത്താൻ ശ്രമിച്ചത് മദ്യക്കുപ്പികളിൽ ഒളിപ്പിച്ചായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഇതുവരെ ആരും ചെയ്യാത്ത തരത്തിലുള്ള സ്വർണക്കടത്തായിരുന്നു.ജോണി വാക്കർ ബ്ലാക് ലേബൽ മദ്യക്കുപ്പികളിൽ മിശ്രിത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ഇത്തരത്തിലൊന്ന് ആദ്യത്തേതെന്നാണ് റിപ്പോർട്ട്.കസ്റ്റംസും പൊലീസും പരിശോധന കർശനമാക്കിയതോടെ സ്വർണം കടത്താൻ നൂതന മാർഗങ്ങൾ തേടുകയാണ് കടത്തുസംഘം. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുന്നതായിരുന്നു അടുത്തകാലം വരെയുള്ള രീതി. എന്നാൽ അതെല്ലാം പിടിക്കപ്പെട്ടതോടെയാണ് പുതിയ മാർഗങ്ങൾ തേടുന്നത്. അടുത്തിടെ ചെരുപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതും പാന്റിന്റെ സിബിനോട് ചേർത്തുവച്ച് കടത്താൻ ശ്രമിച്ചതും പിടികൂടിയിരുന്നു. വായിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ കരിപ്പൂരിൽ നിന്ന് പൊലീസാണ് പിടികൂടിയത്.കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ വായിലൊളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. മാസ്കുവച്ച് ആർക്കും സംശയം തോന്നാത്ത രീതിയിൽ വളരെ കൂളായാണ് ഇയാൾ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്നത്.