പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചകള്‍ കുത്തി പതിനാലുകാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സര്‍ക്കാര്‍ 10 ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്.മരംമുറിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പാലക്കാട് ചിറ്റൂര്‍ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകള്‍ ആര്‍തിക്കാണ് 2020 ഏപ്രില്‍ 25-ന് രാത്രി വീട്ടില്‍വെച്ച് തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ചശല്യം കാരണം പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശന്‍ 2018 മുതല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും മുറിക്കാത്തതാണ് ദുരന്തകാരണം.കമ്മിഷന്‍ കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എന്‍ജിനിയറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി. മരംമുറിക്കാന്‍ ലേലനടപടികള്‍ തുടങ്ങിയെങ്കിലും ആരും ലേലംകൊണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.നാലാംതവണയാണ് ലേലംപോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മരംമുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യച്യുതിയും കാരണമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവര്‍ നിയമാനുസൃതം നടപടി സ്വീകരിച്ചതായി കമ്മിഷന്‍ നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടില്ല. കേസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വ്വം വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.ഇത്തരം സങ്കീര്‍ണമായ അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാന്‍ ഭാവിയില്‍ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ചീഫ് സെക്രട്ടറി മൂന്നുമാസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.