പരമാവധി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് കത്തി വില്പന നടത്തിയതിന് ആമസോണിന് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.ഗ്ലയര്‍ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച് 45 ശതമാനം വിലക്കിഴിവില്‍ 215 രൂപയ്ക്ക് ലഭിക്കും എന്ന പരസ്യം കണ്ട് കത്തി വാങ്ങിയതിന് ശേഷമാണ് പരാതിക്കാരന്‍ കത്തിയ്ക്ക് ടാക്സ് ഉള്‍പ്പെടെ 191.96 രൂപ മാത്രമാണുള്ളതെന്ന് തിരിച്ചറിയുന്നത്.തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. 191.96 രൂപ പരമാവധി വില പ്രിന്റ് ചെയ്ത പായ്ക്കറ്റ് 410 രൂപ എന്നു വ്യാജപരസ്യം നല്‍കി 215 രൂപ ഡിസ്‌കൗണ്ട് വില ഈടാക്കിയ ആമസോണ്‍ ഗുരുതരമായ നിയമലംഘനം നടത്തിയതായി കമ്മീഷന്‍ കണ്ടെത്തി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് വില്‍പന നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ അനുചിത വ്യാപാരം, സേവനന്യൂനത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ ആമസോണ്‍ കമ്ബനി എം.ആര്‍.പി. നിയമം നുസരിച്ചുള്ള വ്യവസ്ഥകളും ലംഘിച്ചതായി കണ്ടെത്തി. ഹര്‍ജിക്കാരന്റെ കൈയില്‍നിന്ന് അധികമായി ഈടാക്കിയ 23.04 രൂപ ഒമ്ബതു ശതമാനം പലിശയടക്കം തിരികെ നല്‍കാനും 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും പ്രസിഡന്റ് വി.എസ് മനുലാല്‍, അംഗങ്ങളായ ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കമ്മീഷന്‍ വിധിച്ചു.