വനിതാ ഗൈനക്കോളജിസ്റ്റ് എന്ന വ്യാജേന നിരവധി സ്ത്രീകളില്‍ നിന്ന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ചോദിച്ചുവാങ്ങിയ 37കാരന്‍ അറസ്റ്റില്‍.സിംഗപ്പൂരില്‍ നിന്നുള്ള ഓയി ച്യൂന്‍ വെയ് എന്നയാളാണ് പിടിയിലായത്.സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന വനിതാ ഗൈനക്കോളേജിസ്റ്റ് എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ കൊടുത്തിരുന്നത്. ഇയാള്‍ ഫേസ്ബുക്കിലൂടെ നിരവധി സ്ത്രീകളുമായി ഗൈനക്കോളജിസ്റ്റ് എന്ന വ്യാജേന സംസാരിക്കുകയും ചെയ്തു. ഓയിയുടെ വാക്കുകളില്‍ കബളിപ്പിക്കപ്പെട്ട നിരവധി സ്ത്രീകളാണ് ഇയാളുടെ ആവശ്യപ്രകാരം തങ്ങളുടെ സ്വകാര്യഭാഗങ്ങളുടെ പോലും ചിത്രങ്ങള്‍ അയച്ചുകൊടുത്തത്. ഓയിയുടെ പെരുമാറ്റത്തില്‍ ഒരു സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവം വെളിവായത്. അങ്ങനെ ഒരു ഡോക്ടര്‍ ഇല്ലെന്ന് മനസ്സിലാക്കിയ യുവതി പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്കിനുള്ളില്‍ മറഞ്ഞിരുന്ന വ്യാജനെ കണ്ടെത്തിയത്.സൈബര്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസ് ആളെ തിരിച്ചറിയുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സ്ത്രീകളുടെ ലൈംഗിക ജീവിതം, ജനനേന്ദ്രിയം എന്നിവയെക്കുറിച്ചായിരുന്നു ഇയാള്‍ സ്ത്രീകളോട് സംസാരിച്ചിരുന്നത്. പല സ്ത്രീകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ ഫോമുകളും ഡോക്ടര്‍ എന്ന വ്യാജേന പൂരിപ്പിച്ചെടുത്തിരുന്നു. നാല് വര്‍ഷത്തോളമാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് ഉപയോഗിച്ചത്. ഇതുവഴി 38 സ്ത്രീകളെയും ഓയി വലയിലാക്കി.പിടിയിലായ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് ചുമത്തിയ സിംഗപ്പൂര്‍ സ്റ്റേറ്റ് കോടതി 40 മാസം തടവുശിക്ഷയും വിധിച്ചു.