തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. കേസ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. വിശദമായ അന്വേഷണം നടക്കുമെന്നും മരണ കാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി ശിൽപ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നിലവിൽ പാറശാല പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും. പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയിൽ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ ആഡിഡ് ചേർത്തു നൽകി എന്നാണ് കുടുംബത്തിന്റെ ആരോപണം.