ജനീവ: ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്.ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവർഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11-നാണ് റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയത്.ജനസംഖ്യാ വളര്‍ച്ചയുടെ വർധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. 2030-ൽ ലോകജനസംഖ്യ 850 കോടിയും 2050-ൽ 970 കോടിയുമെത്തിയേക്കാം. 2080-കളിലിത് ഏറ്റവും ഉയർന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയിൽ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. ജനനനിരക്കില്‍ ലോകമെമ്പാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളര്‍ച്ചയുടെ കാരണം.2050 വരെയുള്ള ജനസംഖ്യാവളർച്ചാ അനുമാനത്തിൽ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ടു രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. അത്യാധുനിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനാൽ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.