റാസൽഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു. അബൂദബിയിൽ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവറൻകുന്നത്ത് അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് സുൽത്താനാണ് (25) മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം ജബൽ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു മൂന്നുപേർക്ക് നിസാര പരിക്കേറ്റു. അഖിൽ, ഹാദി, സഹൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുൽത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: റംല. സഹോദരങ്ങൾ: ഷറഫുദ്ദീൻ (അബൂദബി), ഷക്കീല, ഷഹന.