മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടന്‍ (86) അന്തരിച്ചു. 1966 ഫിഫ ഫുട്ബോള്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ചാള്‍ട്ടന്‍. ഇംഗ്ലണ്ടിനായി 106 മത്സരങ്ങളാണ് ചാള്‍ട്ടന്‍ കളിച്ചത്. 49 ഗോളുകളും നേടി. 1966 ലോകകപ്പില്‍ മൂന്ന് തവണയായിരുന്നു താരം ലക്ഷ്യം കണ്ടത്. ബോബി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.ഫുട്ബോള്‍ ചരിത്രത്തിലെ മഹാനായ താരങ്ങളുടെ പട്ടികയിലേക്ക് വളര്‍ന്ന ബോബി ചാള്‍ട്ടന്‍ 1937 ഒക്ടോബർ 11ന് ബ്രിട്ടനിലെ ആഷിങ്ടണിലാണ് ജനിച്ചത്. സ്‌കൂൾ പഠനത്തിനിടെ ഫുട്ബോൾ പരിശീലനം ആരംഭിച്ച ബോബി 1953 ജനുവരി 1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചേർന്നു. 1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ അദേഹം അരങ്ങേറി. 1958 ഫെബ്രുവരിയിൽ മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് ബോബിയടക്കം മാ‍ഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ 8 പേർ രക്ഷപെട്ടിരുന്നു. 1958ൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗമായ ബോബി 1958, 1962, 1966, 1970 ലോകകപ്പുകളിൽ ജഴ്‌സിയണിഞ്ഞു. 1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ ബോബിയും അംഗമായിരുന്നു. ബോബിയുടെ സഹോദരൻ ജാക്ക് ചാൾട്ടനും ആ ടീമിലുണ്ടായിരുന്നു. 1966ൽ ബാലൺ ഡി ഓർ പുരസ്‌കാരം കരസ്ഥമാക്കി ഫുട്ബോളിന്‍റെ പാരമ്യതയിലെത്തി.ഇംഗ്ലണ്ടിന് ടീമിന് പുറത്ത് യുണൈറ്റഡ് ക്ലബിന്‍റെ ഐക്കണ്‍ കൂടിയായിരുന്നു ബോബി ചാള്‍ട്ടന്‍. 1968ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ബോബി ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. 1970ലെ ലോകകപ്പിന് പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിൽ നിന്ന് ബോബി വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന് വേണ്ടി 106 മത്സരങ്ങൾ കളിച്ച അദേഹം 49 ഗോളുകൾ നേടി. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ബോബിയുടെ റെക്കോർഡ് 2015 സെപ്റ്റംബറിൽ വെയ്‌ന്‍ റൂണി മറികടക്കും വരെ തകരാതെ നിന്നു. 1973ൽ യുണൈറ്റഡ് ക്ലബില്‍ നിന്നും ബൂട്ടഴിച്ചു. ഇതിഹാസ ക്ലബിന് വേണ്ടി 758 മത്സരങ്ങളിൽ നിന്ന് 249 ഗോളുകൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ബോബിയുടെ റെക്കോർഡും വെയ്ൻ റൂണിയാണ് (2017ൽ) മറികടന്നത്. ഇംഗ്ലീഷ് ഫുട്ബോളിനുള്ള സംഭാവനകള്‍ മാനിച്ച് 1994ൽ എലിസബത്ത് രാജ്ഞി അദേഹത്തെ ‘സർ’ പദവി നൽകി ആദരിച്ചു.മൈ ഇംഗ്ലണ്ട് ഇയേഴ്സ്, മൈ സോക്കർ ലൈഫ്, ഫോർവേഡ് ഫോർ ഇംഗ്ലണ്ട്, മൈ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇയേഴ്സ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2020ൽ ബോബിക്ക് മറവിരോഗം സ്ഥിരീകരിച്ചിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!