സാവോപോളോ: കാല്‍മുട്ടിന് പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്.). യുറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ പരിക്കേറ്റ താരത്തിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനങ്ങൾ സാവോ പോളോയില്‍ നടത്തിയ വൈദ്യപരിശോധനകള്‍ക്കു ശേഷമാണ് പുറത്തുവിട്ടത്. അതേസമയം താരത്തിന്റെ ശസ്ത്രക്രിയയുടെ തീയതി പിന്നീട് തീരുമാനിക്കുമെന്നും സി.ബി.എഫ്. മാധ്യമങ്ങളെ അറിയിച്ചു.2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറുഗ്വായ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യ പകുതി അവസാനിക്കാനിരിക്കെ യുറുഗ്വായ് മധ്യനിര താരം നിക്കോളാസ് ഡി ലെ ക്രൂസുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. മത്സരത്തില്‍ യുറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. നെയ്മര്‍ ഗ്രൗണ്ടിലുണ്ടായിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് സി.ബി.എഫ് പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് പറഞ്ഞു. ഫെഡറേഷന്റെ മെഡിക്കല്‍ വിഭാഗവും അല്‍ ഹിലാലും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സി.ബി.എഫ്. അറിയിച്ചു.മാര്‍ച്ചിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു ശേഷം ആറുമാസം ബെഞ്ചിലായിരുന്നു താരം. പി.എസ്.ജി.യിലുണ്ടായിരുന്ന ആറ് സീസണിലും പരിക്ക് താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. പി.എസ്.ജി.യില്‍ നിന്നും റെക്കോര്‍ഡ് തുകയ്ക്കാണ് താരം ഓഗസ്റ്റില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിലെത്തിയത്.