കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിലെ കാപ്പാ തടവുകാരാണ് ഇന്നലെ ഏറ്റുമുട്ടിയത്. തൃശൂർ മണക്കുളങ്ങര ഷഫീഖ്, അങ്കമാലി പാടിയത്ത് സജേഷ് എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.മുടിവെട്ടുന്നതിലെ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കൂടുതൽ വാർഡർമാർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ണൂർ ജയിലിൽ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. അടുക്കളയിലേക്കുള്ള പച്ചക്കറികൾ എന്ന വ്യജേനയാണ് കഞ്ചാവ് എത്തിച്ചത്. ജയിൽ ഉദ്യാേഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവം ജയിൽ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാത്തിന്റെ പേരിൽ സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കഞ്ചാവ് പിടിച്ച സംഭവത്തെത്തുടർന്ന് ജയിലിനുള്ള സുരക്ഷ കൂട്ടുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് തടവുകാർ ഏറ്റുമുട്ടിയത്. ഇതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.