തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് സ്ഥിരമായി റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ആദി ശേഖറിനെ വൈരാഗ്യം മനസ്സിൽ വച്ചായിരുന്നു പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ കൊലപ്പെടുത്തിയത്.സമൂഹമാധ്യമങ്ങളിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മന:പ്പൂർവ്വം ഇത്തരമൊരു ക്രൂരകൃത്യം നടത്തിയാളുടെ ലൈസൻസ് എന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് വാഹനം ഉപയോഗിച്ച് നടത്തിയ ഹീനമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാര്‍, കുട്ടി സൈക്കിളില്‍ കയറിയപ്പോള്‍ മുന്നോട്ടെടുത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.